Ulsavam

കണിയൊരുക്കുന്ന വിഷുക്കാലം

അടിസ്ഥാനപരമായി കാര്‍ഷികോല്‍സവമാണു വിഷു. ആഘോഷിക്കുന്നതാകട്ടെ മേടം ഒന്നിന്. ഞാറ്റുവേല നോക്കിയായിരുന്നു പണ്ടുകാലങ്ങളില്‍ കൃഷിയുടെ തുടക്കം. വിഷുദിവസത്തെ സൂര്യോദയത്തോടെയാണു അശ്വതിനക്ഷത്രമുദിക്കുക. പിറകെയെത്തും ഞാറ്റുവേലകള്‍. കൃഷിയില്‍നിന്നു കിട്ടുന്ന ഫലങ്ങളുടെ പ്രദര്‍ശനവും വിഷു ആഘോഷത്തിന്റെ ഭാഗമാണ്. നാട്ടുപ്രമാണിമാര്‍ക്കു  കാണിക്കയായി കൃഷിവിളവുകളുമായി കര്‍ഷകന്‍ ചെല്ലുന്നതും വിഷുക്കാലത്തിന്റെ പ്രത്യേകത. അടിമ-ഉടമ ബന്ധത്തിനപ്പുറം സഹകരിച്ചു കൃഷി നടത്തുന്നതിന്റെ സൂചനയായും ഈ കാഴ്ചവയ്ക്കലിനെ കണ്ടുപോന്നു.
കായ്കനികള്‍ മൂത്തുപഴുക്കുന്ന കാലമാണു വിഷുക്കാലം. കണിക്കൊന്നകള്‍ ഉള്‍പ്പെടെയുള്ള ചെടികള്‍ പലതും പുഷ്പിണികളാകുന്നതും ഇക്കാലത്തു തന്നെ. വിരുന്നുകാരായി മറുനാടുകളില്‍ നിന്നുള്‍പ്പെടെ പറവക്കൂട്ടങ്ങളും ചിത്രശലഭങ്ങളുമൊക്കെയെത്തുന്നതോടെ മലയാളക്കരയുടെ പ്രകൃതി അക്ഷരാര്‍ത്ഥത്തില്‍ ആഘോഷപ്പുടവ ചുറ്റും. കാടും കടലും കടന്നെത്തുന്ന പക്ഷികള്‍ വിത്തും കൈക്കോട്ടും പാടി കര്‍ഷകനെ കൃഷിയുടെ അടുത്ത ഘട്ടത്തിലേക്കു ക്ഷണിക്കുന്നുവെന്നാണു വിശ്വാസം.
വിഷുത്തലേന്നേ തുടങ്ങും ഓരോ വീട്ടിലെയും അമ്മമാരുടെ വിഷുത്തുടക്കം. മറ്റെല്ലാവര്‍ക്കും വേണ്ടിയുള്ള ഒരുക്കങ്ങളാണു വീട്ടമ്മമാര്‍ നടത്തുക. കളമിട്ട് അതില്‍ കണിയൊരുക്കുകയെന്നത് അമ്മമാരുടെ ചുമതലയാണ്. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും മാങ്ങയും അപ്പവും നാണയങ്ങളും സ്വര്‍ണവവും ദീപാലംകൃതമായ ദേവരൂപങ്ങളുമൊക്കെ പൂജാമുറിയില്‍ നിരത്തും. വീട്ടിലുള്ളവര്‍ക്കെല്ലാം കണിയൊരുക്കി കണികാണാനുള്ള സമയമായ പുലര്‍കാലങ്ങളില്‍ പ്രായത്തിന്റെയും സ്ഥാനത്തിന്റെയും അവരോഹണക്രമത്തില്‍ ഓരോരുത്തരെയായി കണി കാണിക്കുകയാണു പതിവ്. കുടുംബത്തിലെ കാരണവര്‍ ആദ്യം സ്വയമെത്തി കണി കാണുകയും തുടര്‍ന്നു മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം കണികാണുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ വിഷുനാളില്‍ ഉറക്കമുണര്‍്ന്ന് ആദ്യം കാണുന്നതു വിഷുക്കണിയായിരിക്കണമെന്നു വിശ്വാസം. കണ്ണടച്ചു തപ്പിത്തടഞ്ഞു കണി കാണാനെത്തുന്നതു കുട്ടികള്‍ക്കു  തീരാക്കൗതുകമാണ്. കയ്യില്‍ തരുന്ന അരിമണികള്‍ കണിസാധനങ്ങള്‍ക്കു  നേരെയെറിഞ്ഞാണു കണികാണുക. കണിത്താലത്തില്‍ വയ്ക്കാന്‍ വീട്ടമ്മ വിഷുവിന് അതിരാവിലെ ഉണര്‍ന്നു തേങ്ങ പൊട്ടിക്കുന്നതു കേട്ടു വേണം ബാക്കിയുള്ളവര്‍ ഉണരാനത്രെ. കണി കണ്ടെഴുന്നേല്‍ക്കുമ്പോള്‍ മുതിര്‍്ന്നവര്‍ വിഷുക്കൈനീട്ടം നല്‍കും.
വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെയും കണികാണിക്കണമെന്നതു നിര്‍ബന്ധം. തൊഴുത്തില്‍ കണിസാധനങ്ങളും നിലവിളക്കുമായെത്തിയാണു കന്നുകാലികളെ കണി കാണിക്കുക. കാളകളെ പൂജിക്കുന്ന രീതിയും ചില സ്ഥലങ്ങളിലുണ്ട്. കണിസമയത്തു തന്നെ കുട്ടികളും പുരുഷന്മാരും പടക്കങ്ങളുമായി രംഗത്തെത്തും. ഓരോ വീട്ടിലുമുള്ളവര്‍ മറ്റുള്ളവരോടു മല്‍സരിക്കത്തക്ക രീതിയില്‍ ഒച്ചയുള്ളതും പ്രഭ ചൊരിയുന്നതുമായ വിധത്തില്‍ കരിമരുന്നു പ്രയോഗം നടക്കും. പിന്നീട് ഇടവേളയിട്ടു പടക്കങ്ങളുടെ പ്രയോഗം ദിവസം മുഴുവന്‍ തുടരും. ഉച്ചയ്ക്കും സന്ധ്യയ്ക്കും വീണ്ടും പടക്കങ്ങളുടെ ഒച്ച സജീവമാകും. പല നാടുകളിലും വിഷുവിനു ദിവസങ്ങള്‍ മുമ്പേ ഉയര്‍ന്നു തുടങ്ങുന്ന പടക്കത്തിന്റെ ഒച്ച പൂര്‍ണമായി നിലയ്ക്കുന്നതു വിഷു കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷം മാത്രമായിരിക്കും.
ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യയും വിഷു ആഘോഷത്തിനു പ്രധാനമാണ്. കണിവച്ച പച്ചക്കറികള്‍ മിക്കതും ചേര്‍ത്തായിരിക്കും വിഷുസദ്യ. മധുരമുള്ള അപ്പം ചുടുന്നതും അവ കണിത്താലത്തില്‍ വയ്ക്കുന്നതും പതിവാണ്. വിവിധ തരം കളികളും ഒത്തുചേരലുമൊക്കെ പതിവുണ്ട്. ഊഞ്ഞാലാട്ടമാണു കുട്ടികള്‍്ക്കു ഹരം പകരുന്ന മറ്റൊരു വിഷു നേരംപോക്ക്.
.

Back to Top