Sanathanam

വല്ലോറക്കാവ് ക്ഷേത്ര പുന:പ്രതിഷ്ഠാ- നവീകരണകലശ മഹോല്‍സവം 26 മുതല്‍

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തോടനുബന്ധിച്ചുള്ള വല്ലോറക്കാവ് ക്ഷേത്ര പുന:പ്രതിഷ്ഠാ- നവീകരണകലശ മഹോല്‍സവം 26 മുതല്‍ 29 വരെ നടക്കും. 2012ല്‍ നടത്തിയ അഷ്ടമംഗലപ്രശ്‌നവിചാരത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്പാഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ മുഖ്യശില്‍പിയായി വരിച്ചാണു പുനര്‍നിര്‍മാണം നടത്തിയത്. 2013ല്‍ പുനര്‍നിര്‍മാണം ആരംഭിച്ചു. പ്രശ്‌നവിധിപ്രകാരം കിരാതമൂര്‍ത്തിക്ഷേത്രവും മുഖമണ്ഡപവും പുതുക്കിപ്പണിതു. പീഠത്തില്‍ ആരാധിച്ചുവന്ന ഭഗവതിക്കും ഗണപതിക്കും പ്രത്യേക ശ്രീകോവിലുകളും ശാസ്താവിനു മേല്‍ക്കൂരയില്ലാത്ത മണ്ഡപവും നിര്‍മിച്ചു. 
26നു രാവിലെ 9.30ന് കലവറ നിറയ്ക്കല്‍, വൈകിട്ട് ആചാര്യവരണം, പൂജകള്‍, ഭജന, ഭക്തജനസദസ്സ്, ലിഖിത നാമജപസമര്‍പ്പണം എന്നീ ചടങ്ങുകള്‍ നടക്കും. 27നു കാലത്ത് 5.30നു മഹാഗണപതിഹോമവും തുടര്‍ന്നു വിശേഷാല്‍ പൂജകളും നടക്കും. രാവിലെ 11നു പ്രഭാഷണം, 12.30നു പ്രസാദ വിതരണം, വൈകിട്ട് അനുജ്ഞാപ്രാര്‍ഥന, ഭഗവതിസേവ, ലളിതാസഹസ്രനാമാര്‍ച്ചന, ഭജന, കലാമണ്ഡലം രാമാചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് എന്നിവ നടക്കും. 
28നു കാലത്ത് 5.30 മുതല്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും. രാവിലെ 11നു പ്രഭാഷണം, 12.30നു പ്രസാദ വിതരണം. സന്ധ്യക്കു ഭജന, രാത്രി 8.30നു ശില്‍പികളെ ആദരിക്കല്‍. തുടര്‍ന്നു പ്രഭാകരന്‍ പുന്നശ്ശേരി ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. 
29നു രാവിലെ 5.30നു ഗണപതിഹോമത്തോടെ വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തുടക്കമാവും. 11.14 മുതലാണു പ്രതിഷ്ഠാകര്‍മവും അനുബന്ധചടങ്ങുകളും നടക്കുക. ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. 
ഉച്ചയ്ക്കു പ്രസാദവിതരണം. വൈകിട്ട് 5.30നു ഭജനയും ദീപാരാധനയും ഉണ്ടായിരിക്കും. വൈകിട്ട് ഏഴിനു ചേരു സമാപനസമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ സ്വാമി ചിദാനന്ദ പുരി പൊന്നാടയണിയിച്ച് ആദരിക്കും. തുടര്‍ന്നു ചേലിയ കഥകളിവിദ്യാലയം കഥകളി അവതരിപ്പിക്കും.
 
.

Back to Top