Sanathanam

ക്ഷേത്രങ്ങള്‍ നാടിനു നന്‍മചെയ്യുന്ന പൂമരമായിത്തീരണം: ശ്രീമത് സ്വാമി ചിദാനന്ദ പുരി

കണ്ണൂര്‍: കേവലം ആരാധനാലയങ്ങള്‍ എന്നതിനപ്പുറം നാടിന്റെ സമഗ്രമായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിടുന്ന കേന്ദ്രങ്ങളായി അമ്പലങ്ങള്‍ മാറണമെന്ന് ശ്രീമത് സ്വാമി ചിദാനന്ദ പുരി. നന്‍മയുള്ള സമൂഹമായിത്തീരുന്നതിനു കഠിനാധ്വാനം ചെയ്യണമെന്നും സാമ്പത്തികമായി കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താഴെ ചൊവ്വ മുട്ടോളംപാറ ശ്രീ മുത്തപ്പന്‍ ക്ഷേത്രപ്രതിഷ്ഠാദിന മഹോല്‍സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. 
ജീവിക്കുന്നതില്‍ നാം പരാജയപ്പെടുന്നതിനുള്ള കാരണം ധര്‍മം പാലിക്കാത്തതാണ്. ഭാരതീയ ധര്‍മം അബദ്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന തെറ്റായ പ്രചാരണത്തില്‍ പെട്ടുപോയതാണു സമൂഹത്തിനു പറ്റിയ പിഴവ്. ഹൈന്ദവ ധര്‍മം യുക്തിഭദ്രമാണ്; അതു പരിശോധനയ്ക്കു വിധേയമാക്കാവുന്നതുമാണ്. വേദങ്ങളും പുരാണങ്ങളും പഠിക്കാത്തവര്‍ സനാതന ധര്‍മത്തെ വിമര്‍ശിക്കുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യംചെയ്തു.
സമൂഹത്തിനു ദിശാബോധം ലഭിക്കാനുള്ള ഏക പോംവഴി സനാതന ധര്‍മത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ചു ജീവിതം തിട്ടപ്പെടുത്തുകയെന്നതാണ്. നിത്യജീവിതക്രമത്തില്‍ മാറ്റം വരുത്താന്‍ നാം തയ്യാറാകണം. മുന്‍തലമുറകള്‍ ധര്‍മമാര്‍ഗം പിന്‍തുടര്‍ന്നിരുന്നു. ആ വഴിയിലേക്കു തിരികെ പോകാന്‍ സാധിക്കണം. ധര്‍മപ്രകാരം ജീവിക്കുന്നത് ആധുനികകാല ജീവിത രീതികള്‍ക്കു തടസ്സമാകില്ലെന്നു മാത്രമല്ല, വളരെയധികം ഗുണം പകരുകയും ചെയ്യും. പഞ്ചമഹായജ്ഞം അനുഷ്ഠിക്കുക, ക്ഷേത്രോപാസന നടത്തുക, പഠിക്കുക, അധ്വാനിക്കുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ വിട്ടുവീഴ്ച അരുത്. 
നല്ല മാതാപിതാക്കള്‍ക്കു മാത്രമേ നല്ല മക്കളെ കാംക്ഷിക്കാന്‍ അവകാശമുള്ളൂ. ഇതിന് ആദ്യമായി വേണ്ടതു മക്കള്‍ക്കു മുന്നില്‍ നല്ല മാതൃകയായി നിലകൊള്ളുകയെന്നതാണ്. സ്വയം നല്ല ആചാരങ്ങള്‍ പിന്‍തുടരുകവഴി മാത്രമേ വരുംതലമുറയെ ആ വഴിക്കു നയിക്കാന്‍ സാധിക്കൂ. 
ധനം ആര്‍ജിക്കേണ്ടത് അനിവാര്യമാണ്. എന്തിനു പണം സമ്പാദിക്കണം, ഭൂമിയില്‍നിന്നു പോകുമ്പോള്‍ ഒന്നും കൊണ്ടുപാകാനാകില്ലല്ലോ എന്ന ചിന്തയ്ക്ക് അര്‍ഥമില്ല. കൊണ്ടുപോകാനല്ല, സന്തതിപരമ്പരയ്ക്കു കൈമാറാനാണു സമ്പാദ്യമുണ്ടാക്കേണ്ടത്. 
എല്ലാം ദൈവത്തെ ഏല്‍പിച്ച് ഒഴിഞ്ഞുമാറാനാകില്ല. 'ശ്രീ ഗുരുവായൂരപ്പന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചാല്‍ ഒരു വാഹനം അപകടത്തില്‍ പെടാതിരിക്കില്ല. വാഹനങ്ങള്‍ നല്ല രീതിയില്‍ പരിപാലിക്കുകയും ശ്രദ്ധിച്ചു ഓടിക്കുകയും ചെയ്യുകയെന്നതാണ് റോഡപകടത്തില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. നാം ചെയ്യുന്ന സല്‍കര്‍മങ്ങളാണ് ഐശ്വര്യത്തെയും സന്തോഷത്തെയും നിര്‍ണയിക്കുക. 'നാം ചെയ്യുന്ന സല്‍കര്‍മങ്ങള്‍ ഈ കുടുംബത്തിന്റെ ഐശ്വര്യം' എന്നതാണു അര്‍ഥവത്തായ വാക്യമെന്നും സ്വാമിജി പറഞ്ഞു.
 
.

Back to Top