Ulsavam

ആഘോഷങ്ങളുടെ ആഘോഷമായി ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിയില്‍ ആറാടിച്ച് ആറ്റുകാല്‍ പൊങ്കാലയ്ക്കു സമാപനം. പൊങ്കാലയടുപ്പുകള്‍ നഗരവീഥികളെയും ഇടവഴികളെയും പിന്നിട്ട് നഗരാതിര്‍ത്തിയിലേക്കും വ്യാപിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവര്‍ ജാതിമതഭേദമന്യേ പൊങ്കാലയിടാനെത്തി. പതിവുപോലെ വിദേശികളായ സ്ത്രീകളും നിവേദ്യം സമര്‍പ്പിക്കാനെത്തിയിരുന്നു. 
രാവിലെ പത്തേകാലോടെ ആറ്റുകാല്‍ ദേവീക്ഷേത്ര തന്ത്രി, മേല്‍ശാന്തിക്കു പകര്‍ന്നുനല്‍കിയ ദീപനാളം പണ്ഡാര അടുപ്പിലേക്കു പകര്‍ന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത്. പണ്ഡാര അടുപ്പില്‍നിന്നാണു തീ മറ്റ് അടുപ്പുകളിലേക്കു പകര്‍ന്നത്. നിമിഷങ്ങള്‍ക്കകം അനന്തപുരിയാകെ അടുപ്പുകളില്‍ തീ ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ആറ്റുകാലമ്മയുടെ സങ്കീര്‍ത്തനങ്ങള്‍ക്കും ഭക്തരുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ദേവീസ്തുതികള്‍ക്കുമൊപ്പം അടുപ്പുകളില്‍നിന്നു നിവേദ്യത്തിന്റെ ഗന്ധവും നിറഞ്ഞു.
മനസ്സിലെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടാന്‍ മറ്റേതു വഴിപാടിനെക്കാളും നേര്‍ച്ചയെക്കാളും പ്രധാനപ്പെട്ടതാണു പൊങ്കാലയിടല്‍ എന്നാണു വിശ്വാസം. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ അഗ്നനാളം ഏറ്റുവാങ്ങി പുകയടുപ്പില്‍ നിവേദ്യമൊരുക്കി ദേവിക്കു സമര്‍പ്പിക്കുന്നതു പുണ്യപ്രവൃത്തിയാണെന്നും വിശ്വാസമുണ്ട്. കാലത്തെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണു പൊങ്കാലയിടുക. പൊങ്കാല ഇടാന്‍ ദേവിയുടെ അനുമതി തേടുന്നുവെന്നതാണ് ഇതിനു പിന്നിലുള്ള സങ്കല്‍പം. അടുപ്പൊരുക്കുന്നതിനൊപ്പെം തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, അടയ്ക്ക, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, നിറയെ വെള്ളമുള്ള കിണ്ടി എന്നിവ ഒരുക്കിവെച്ചാണു മിക്കവരും പൊങ്കാലയ്ക്കു തയ്യാറെടുത്തത്. 
പുത്തന്‍ മണ്‍കലത്തിലാണ് നിവേദ്യം വേവിക്കുക. മണ്‍കലം ശരീരമാണെന്നും അതില്‍ അരിയാകുന്ന മനസ്സ് തിളച്ചുവേവുന്നതിലൂടെ അഹംബോധം നശിക്കുന്നുവെന്നുമാണു വിശ്വാസം. 
വ്രതശുദ്ധിയോടെ കേരളീയ വേഷത്തിലാണു മിക്ക ഭക്തകളും കാലത്തു തലസ്ഥാന നഗരിയിലെത്തിയത്. ഒരാഴ്ചത്തെ വ്രതമാണ് എടുക്കുന്നത്. സസ്യാഹാരം മാത്രമേ കഴിക്കാവൂ, ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥകളുണ്ട്, വ്രതത്തിന്. പൊങ്കാലയ്ക്കു തലേദിവസം ഭക്തകള്‍ ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. 
കേരളത്തില്‍ മാത്രമല്ല, പുറംനാടുകളിലും ഭക്തിയുടെ നിറവാണു പൊങ്കാല. ആത്മസമര്‍പ്പണത്തിനുള്ള ദിവസമായി മലയാളി ഹൈന്ദവസ്ത്രീകള്‍ കണ്ടിരുന്ന ചടങ്ങിനിപ്പോള്‍ ദേശമോ മതമോ വിലക്കല്ല. സാധാരണക്കാരായ സ്ത്രീകള്‍ മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പേരെടുത്തവര്‍ വരെ വഴിയരികില്‍ അടുപ്പുകൂട്ടി ദേവിക്കു നിവേദ്യമുണ്ടാക്കി. ചലച്ചിത്ര നടിമാരായ ആനി, ചിപ്പി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്തും പൊങ്കാലയിട്ടവരില്‍ പെടുന്നു. കേരളീയ വസ്ത്രം ധരിച്ചു വഴിപാടു നടത്താനെത്തിയ വിദേശസ്ത്രീകള്‍ പതിവുപോലെ ശ്രദ്ധ പിടിച്ചുപറ്റി. മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്.ശിവകുമാറും ഉല്‍സവച്ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പൊലീസ് അകമ്പടിയില്ലാതെ എത്തി മന്ത്രി കെ.പി.മോഹനന്‍ ആഘോഷത്തിന്റെ ഭാഗമായി. പൊങ്കാലയിടാനെത്തുന്നവരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന കെ.പി.മോഹനനെ പലരും ക്യാമറയില്‍ പകര്‍ത്തി. ശശി തരൂര്‍ എം.പി., എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി എന്നിവരും ഉല്‍സവനഗരിയിലെത്തി.
.

Back to Top