Ulsavam

മംഗല്യസൗഭാഗ്യത്തിനായി മകംതൊഴല്‍; ചോറ്റാനിക്കരയില്‍ വന്‍ തിരക്ക്

എറണാകുളം: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകംതൊഴാന്‍ ഭക്തസഹസ്രങ്ങളെത്തി. കന്യകമാരുടെയും സുമംഗലിമാരുടെയും തിരക്കായിരുന്നു ക്ഷേത്രനഗരിയിലാകെ. ബുധനാഴ്ച വൈകിട്ടു തന്നെ ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനായി ക്യൂ നിന്നു തുടങ്ങിയിരുന്നു. 
കന്യകമാര്‍ക്കു മാംഗല്യസൗഭാഗ്യമുണ്ടാവാനും സുമംഗലിമാര്‍ക്കു ദീര്‍ഘമാംഗല്യത്തിനും ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകംതൊഴണമെന്നാണു വിശ്വാസം. ഉച്ചയ്ക്കു രണ്ടിനാണു മകംതൊഴുന്നതിനായി നടതുറന്നത്. 8.30വരെയായിരുന്നു ദര്‍ശനസമയം. തൊഴാനെത്തുന്നവരുടെ സൗകര്യാര്‍ഥം അമ്പലത്തിന്റെ പടിഞ്ഞാറേ നടയിലും പൂരപ്പറമ്പിലും പന്തലിട്ടിട്ടുണ്ട്. താല്‍ക്കാലികമായി ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുമുണ്ട്. സുരക്ഷ ഉറപ്പാക്കാനായി വന്‍ പൊലീസ് സംഘം നിയോഗിക്കപ്പെട്ടിരുന്നു. തൊഴാനെത്തുന്നവര്‍ക്കു കുടിവെള്ളവും ലഘുഭക്ഷണവും ക്ഷേത്രം അധികൃതര്‍ വിതരണം ചെയ്തു. 
രാവിലെ ഏഴ് ആനകളുള്ള എഴുന്നള്ളത്തു നടന്നു. പൂരംദിവസമായ നാളെ രാത്രി 11നു കൂട്ടി എഴുന്നള്ളത്തു നടക്കും. ഏഴിന് ആറാട്ടും എട്ടിന് അത്തം വലിയ ഗുരുതിയും നടക്കും. എട്ടാംതീയതി വരെ ക്ഷേത്രത്തില്‍ ചോറൂണ്, ഭജന, അന്നദാനം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 
 
.

Back to Top