Ulsavam

ഉല്‍സവപ്രഭയില്‍ ഗുരുവായൂര്‍കണ്ണന്‍

കുംഭത്തിലെ പൂയംനാള്‍ തൊട്ടു പത്തു ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം. പ്രധാന ആകര്‍ഷകത്വമാകട്ടെ, ആനയോട്ടവും.
തൃക്കുന്നാവായ ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രം. ഒരിക്കല്‍ ഗുരുവായൂര്‍ ഉല്‍സവത്തിന് ആനകളെ അയക്കാന്‍ തൃക്കണ്ണാമതിലകം ക്ഷേത്രക്കാര്‍ തയ്യാറായില്ലത്രെ. എന്നാല്‍ തളച്ചിരുന്ന ആനകള്‍ ചങ്ങല പൊട്ടിച്ച് ഓടി ഗുരുവായൂരില്‍ ഉല്‍സവത്തിനെത്തിയെന്നാണു വിശ്വാസം. ഈ ഓര്‍മയിലാണ് ഉല്‍സവത്തിനു തുടക്കമായി ഒന്നാം ദിവസം ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള മഞ്ജുളാലില്‍നിന്നാണ് ആനകള്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് ഓടുക. ക്ഷേത്രത്തിലെത്തി ഏഴുവട്ടം വലംവച്ച് ആദ്യം കൊടിമരത്തില്‍ തൊടുന്ന ആനയാണ് ആ വര്‍ഷം ഉല്‍സവത്തിനു തിടമ്പേറ്റുക. ഏറെ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഗുരുവായൂര്‍ ആനയോട്ടം.
ഒന്നാം നാള്‍ വൈകിട്ട് ആചാര്യവരണവും കൊടിപൂജയും തുടര്‍ന്നു കൊടിയേറ്റവും നടക്കും. കൊടിപ്പുറത്തു വിളക്കും അന്നാണു നടക്കുക. കാലത്തു പന്തീരടിക്കുശേഷം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തും അത്താഴപൂജ കഴിഞ്ഞ ശേഷം ചുറ്റമ്പലത്തിനു വടക്കും സ്വര്‍ണംകൊണ്ടു നിര്‍മിച്ച പഴുക്കാ മണ്ഡപത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുന്നതു ദര്‍ശിക്കുന്നത് അതിവിശിഷ്ടമായാണു ഭക്തര്‍ കരുതിപ്പോരുന്നത്. എട്ടാംനാളിലെ ഉല്‍സവബലിയും പ്രധാന ചടങ്ങുകളിലൊന്നാണ്. ഒന്‍പത്, പത്ത് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും ആറാട്ടും. പത്താം നാളില്‍ രാത്രിയാണു കൊടിയിറക്കുക. ക്ഷേത്രവും പരിസരവും അലങ്കരിച്ചു ഭംഗിയാക്കുന്നതോടെ ക്ഷേത്രനഗരിയൊന്നാകെ ഈ ദിവസങ്ങളില്‍ ഉല്‍സയവലഹരിയിലായിരിക്കും. ഭക്തരുടെ തിരക്കേറുന്നതിനാല്‍ വ്യാപാരമേഖലയും പതിവിലേറെ സജീവമാകും.
വൃശ്ചിക ഏകാദശിയും ഗുരുവായൂര്‍ അമ്പലത്തില്‍ പ്രധാനമാണ്. ഗുരുവായൂരപ്പന്റെ ഏറ്റവും തലയെടുപ്പുള്ള ആനയായിരുന്ന കേശവന് ക്ഷേത്ര ആനത്തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന ആന ആദരാഞ്ജലി അര്‍പ്പിക്കുന്ന  ഹൃദയസ്പര്‍ശിയായ ചടങ്ങ് ഈ സമയത്താണ്.  
ഏകാദശി ഉല്‍സവത്തോടനുബന്ധിച്ചാണു ചെമ്പൈ സംഗീതോല്‍സവം. 11 ദിവസത്തെ സംഗീതോല്‍സവത്തില്‍ ഓരോ ദിവസവും ഇരുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും.
ശ്രീകൃഷ്ണന്റെ ജന്മനദിനമായി കരുതിപ്പോരുന്ന ചിങ്ങത്തിലെ അഷ്ടമിരോഹിണി നാളിലും ക്ഷേത്രത്തില്‍ ജനത്തിരക്കേറും. വിശേഷാള്‍ പൂജകള്‍ക്കും കലാപരിപാടികള്‍ക്കും  പുറമേ പ്രത്യേക സദ്യയും അന്നുണ്ടാവും.
.

Back to Top