Ulsavam

തൃശൂര്‍ പൂരം: കേരളം ലോകത്തിനു മുന്നില്‍

കേരളം മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കൊപ്പം പുറംലോകവും ഏറ്റവും കൗതുകത്തോടെ കാത്തിരിക്കുന്ന ആഘോഷങ്ങളുടെ ആഘോഷം, പൂരങ്ങളുടെ പൂരം.
രണ്ടു നൂറ്റാണ്ടിലേറെ പഴമയുള്ള പൂരത്തിന് ഓരോ വര്‍ഷവും പുതുമകളും പൊലിമയുമേറുകയാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനു സമം തൃശൂര്‍ നഗരം പൂരച്ചമയമണിയും. അലങ്കാരങ്ങള്‍ നിറദീപങ്ങള്‍ തെളിയിച്ചു നഗരം ഉല്‍സവപ്പറമ്പാകും. കണ്ണിനും കാതിനും ഇമ്പമേകുന്ന പൂരത്തിന്റെ പിറകിലൊരു കഥയുണ്ട്, ഐതിഹ്യ സമാനമായ വിപ്‌ളവകഥ.
ആറാട്ടുപുഴ പൂരത്തില്‍ സാധാരണക്കാരെത്തുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അന്നത്തെ കൊച്ചി രാജാവ് ശക്തന്‍ തമ്പുരാന്‍ പ്രശസ്തമായ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പിന്തുണയോടെ മറുപുരം നടത്തിയത്രെ. അടുത്തടുത്ത ദേശങ്ങളിലെ കൊച്ചു കൊച്ചു ക്ഷേത്രങ്ങളെ ഒരു നിയന്ത്രണവും വെക്കാതെ പങ്കെടുപ്പിക്കുകവഴി എല്ലാവര്‍ക്കും  പങ്കെടുക്കാന്‍ അവസരമൊരുക്കുകയായിരുന്നു രാജാവിന്റെ ലക്ഷ്യം. അവിടെത്തുടങ്ങുന്നു തൃശൂര്‍ പൂരത്തിന്റെ കേളിയും പെരുമയും.
മേടമാസത്തിലെ പൂരം നാളില്‍ (ഏപ്രില്‍- മേയ്) തുടങ്ങുന്ന, ഒന്നര ദിവസത്തെ തുടര്‍ച്ചയായുള്ളതും ആകര്‍ഷകവുമായ ആഘോഷങ്ങള്‍. വടക്കുന്നാഥന്റെ തിരുമുറ്റമായ തൃശൂര്‍ സ്വരാജ് റൗണ്ടാണ് ആഘോഷങ്ങളുടെ കേന്ദ്രബിന്ദു. നഗരത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ തിരുവമ്പാടിയും പാറമേക്കാവുമാണു മുഖ്യ സംഘാടകര്‍. ജാതിമതഭേദമന്യേ തൃശൂരിലെ ഓരോരുത്തരുടെയും പിന്തുണ കൂടി ചേരുമ്പോള്‍ നഗരത്തില്‍ ജനസാഗരം നിറയുന്നു. മറുനാടുകളില്‍നിന്നുള്ളവര്‍കൂടി കാഴ്ചക്കാരോ പങ്കാളികളോ ആയി എത്തുന്നതോടെ വലിയൊരു പുരുഷാരത്തെ സാക്ഷിനിര്‍ത്തിയായിരിക്കും കൗതുമേറിയ പൂരം ആഘോഷിക്കപ്പെടുന്നത്.
കൊടിയേറ്റം കഴിഞ്ഞാല്‍ ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് എന്നിവയാണു ആകര്‍ഷകത്വം പകരുന്ന പ്രധാന പരിപാടികള്‍. വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് ഇലഞ്ഞിച്ചുവട്ടില്‍ കൊട്ടിയുയുരുന്ന ഇലഞ്ഞിത്തറമേളത്തില്‍ മല്‍സരിച്ചു കൊട്ടാനെത്തുക നൂറുകണക്കിനു വാദ്യക്കാരായിരിക്കും. ക്ഷേത്രമുറ്റം കുത്തിനിറയുന്ന ആസ്വാദകര്‍ താളംപിടിച്ചും കൈകളുയര്‍ത്തി  ആവേശം പകര്‍ന്നും  മേളം സജീവമാക്കും. മുതിര്‍ന്ന കലാകാരന്മാരായിരിക്കും ഇരുവിഭാഗങ്ങളായി അണിനിരക്കുന്ന വാദ്യസംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. താളത്തിലെ ചെറിയ പിഴകള്‍ പോലും പൊറുക്കാന്‍ തയ്യാറല്ലാത്ത ആസ്വാദക വൃന്ദമാകും ചുറ്റുംകൂടിയിരക്കുന്നതെന്നതു വാദ്യക്കാര്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നു. 
ആര്‍പ്പുവിളികളും നിലയ്ക്കാത്ത ആരവങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന ജനസാഗരത്തിനു നടുവില്‍, വര്‍ണക്കുടകളുടെ മേളനത്തില്‍ മാനത്തു മഴവില്ലുവിരിയിക്കുന്ന കുടമാറ്റം നടക്കും. തിടമ്പേറ്റി  ഓരോ ഭാഗത്തും തലയെടുപ്പുള്ള ഓരോ ആന. ഇരുവശങ്ങളിലുമായി ആനകളുടെ നിര. വിവിധ വര്‍ണങ്ങളില്‍ മുത്തുക്കുടകള്‍ ഇരുഭാഗത്തുമായി മല്‍സരിച്ചു വിടരുന്നത് ആകാംക്ഷയോടെ കാണാന്‍ പുരപ്പറമ്പില്‍ മാത്രമല്ല തൊട്ടടുത്ത വന്‍മാളികകളുടെ ജനലുകളും വാതിലുകളും ടെറസുകളും പോലും ജനം കയ്യടക്കും.
മാനത്തു വര്‍ണപ്രപഞ്ചം വിരിയിക്കുകയും നഗരപ്രാന്തങ്ങളെ അടിമുടി വിറപ്പിക്കുകയും ചെയ്യുന്ന വെടിക്കെട്ട് രാത്രിയിലുള്ള കൗതുകമാണ്. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു ഗംഭീരമാണെന്നു കേട്ട് ആവേശപുര്‍വം എത്തുന്നവരില്‍ ചിലരെങ്കിലും ശബ്ദഗാംഭീര്യം സഹിക്കാനാകാതെ പൂരപ്പറമ്പു തന്നെ വിട്ടുപോകും. വലിയ പൂരത്തിനു മുമ്പുള്ള ചെറുപൂരങ്ങളാണു മറ്റൊരു സവിശേഷത. കണിമംഗലം, ലാലൂര്, അയ്യന്തോള്‍, ചൂരക്കാട്ടുകര തുടങ്ങിയ എട്ടു ക്ഷേത്രങ്ങളില്‍ നിന്നാണു ചെറുപൂരങ്ങളെത്തുക.
എക്‌സിബിഷനുകള്‍, കൗതുക പ്രദര്ശകനങ്ങള്‍, സര്‍ക്കസ്, കണ്‌കെട്ടുവിദ്യകള്‍ അങ്ങനെ കൗതുകങ്ങളേറെയായിരിക്കും പൂരത്തിനൊപ്പം തൃശൂരിലെത്തുക. വലിയൊരു വ്യാപാര ശൃംഖലയും ഇതോടൊപ്പം സജീവമാകും.
.

Back to Top