Ulsavam

വിശ്വാസജ്വാലയായ് ആറ്റുകാല്‍ പൊങ്കാല

മകരം- കുംഭം (ഫെബ്രുവരി- മാര്‍ച്ച്) മാസത്തിലാണ് കേരളത്തില്‍ ഏറ്റവും ഭക്തജനത്തിരക്കേറിയ ഉല്‍സവങ്ങളിലൊന്നായ ആറ്റുകാല്‍ പൊങ്കാല. പൂരംനാളിലാണു പൊങ്കാലയിടല്‍. പത്തു ദിവസത്തെ ആഘോഷമാണു പൊങ്കാല മഹോല്‍സവം. കാപ്പുകെട്ടും അതിന്റെ ഭാഗമായുള്ള കണ്ണകിചരിതാലാപനവും നടത്തുന്നതാണ് ഉല്‍സവത്തിന്റെ ആദ്യഘട്ടം. ദേവി, പാണ്ഡ്യരാജാവിനെ വകവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു വായ്ക്കുരവയുടെയും മേളങ്ങളുടെയും അകമ്പടിയില്‍ അവതരിപ്പിക്കുക.
പൊങ്കാലനാളില്‍ തിരുവനന്തപുരം നഗരിയും പ്രാന്തപ്രദേശങ്ങളുമൊക്കെ ആഘോഷലഹരിയിലമരും. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ ദേവപ്രീതിക്കായി പൊങ്കാലയിടാന്‍ അടുപ്പൊരുക്കി കലങ്ങളും അരിയുമൊക്കെയായി ലക്ഷക്കണക്കിനു സ്ത്രീകളെത്തും. ക്ഷേത്രമുറ്റത്തുനിന്നു തുടങ്ങുന്ന അടുപ്പൊരുക്കല്‍ നഗരത്തിലെ തിരക്കേറിയ റോഡുകളിലേക്കും പരിസരങ്ങളിലെ വീട്ടുമുറ്റങ്ങളിലേക്കും മാത്രമല്ല, മറ്റു കെട്ടിടങ്ങളിലേക്കും വ്യാപിക്കും. ക്ഷേത്രത്തില്‍ നിന്നു കൊളുത്തുന്ന തിരിയില്‍ നിന്നു പകര്‍ന്നുകിട്ടുന്ന തീയില്‍ നൈവേദ്യം ഉണ്ടാക്കണമെന്നാണു വിശ്വാസം. ക്ഷേത്രപൂജാരി തീര്‍ഥജലം തളിക്കുന്നതാണു പൊങ്കാലയിടല്‍ സമാപനത്തിലെ പ്രധാന ചടങ്ങ്.
ആണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന കുത്തിയോട്ടവും പെണ്‍കുട്ടികള്‍ അണിനിരക്കുന്ന താലപ്പൊലിയും പൊങ്കാല ആകര്‍ഷകമാക്കും. കുത്തിയോട്ടത്തില്‍ അണിനിരക്കുന്ന ആണ്‍കുട്ടികള്‍ മഹിഷാസുരമര്‍ദിനിയുടെ മുറിവേറ്റ ഭടന്മാരാണെന്നാണു സങ്കല്‍പം. ആചാരത്തിന്റെ ഭാഗമായി ഈ കുട്ടികള്‍ നിശ്ചിതകാലം അമ്പലത്തില്‍ തന്നെ താമസിക്കണമെന്നുണ്ട്. തറയിലുറങ്ങുക, ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുക തുടങ്ങിയ കാര്യങ്ങളും പാലിക്കണം. താലപ്പൊലിയേന്തുന്ന പെണ്‍കുട്ടികള്‍ക്ക് ആറ്റുകാല്‍ ദേവി സൗന്ദര്യവും ജീവിതസുഖവും പ്രദാനം ചെയ്യുമെന്നാണ് ഐതിഹ്യം.
ഭഗവതിയെ ആനപ്പുറത്തേറ്റിയുള്ള ഘോഷയാത്രയും പ്രധാനമാണ്. കോല്‍ക്കളി, പൊയ്ക്കുതിര, കുംഭനൃത്തം തുടങ്ങിയവ അണിനിരക്കുന്ന ഘോഷയാത്ര രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു മണക്കാട് ശാസ്താക്ഷേത്രത്തിലെത്തും. അവിടെ നടക്കുന്ന പൂജാചടങ്ങുകള്‍ക്കു  ശേഷം ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു മടങ്ങും. ദീപാരാധനാവേളയില്‍ ദേവിയെ വീണ്ടും ശ്രീകോവിലില്‍ ഇരുത്തും. ഇതോടെ കുത്തിയോട്ടത്തിനെത്തുന്ന കുട്ടികളുടെ വ്രതം അവസാനിക്കും. രാത്രി ഭക്തിഗാനാലാപനവും കുരുതിതര്‍പ്പണവും നടക്കുന്നതോടെയാണ് ഉല്‍സവം അവസാനിക്കുക.
.

Back to Top