Sanathanam

ആക്രമണ മുന നീളുന്നു; അമേരിക്കയില്‍ ഹിന്ദുക്കള്‍ ആശങ്കയില്‍

ഇന്ത്യക്കാരന്‍ പോലീസിന്റെ കൊടിയ മര്‍ദനത്തിന് ഇരയായതും വാഷിംങ്ടണിനടുത്തു ക്ഷേത്രം ആക്രമിക്കപ്പെട്ടതും അമേരിക്കയിലുള്ള ഹിന്ദുക്കളില്‍ ആശങ്ക പടര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഏതാനും ദിവസം മുന്‍പാണ് കൊച്ചുമക്കളോടൊപ്പം കഴിയാനെത്തിയ ഇന്ത്യന്‍ പൗരനായ മുത്തച്ഛനെ പോലീസ് അകാരണമായി മര്‍ദിച്ചത്. ഇദ്ദേഹം ശരീരം ഭാഗികമായി തളര്‍ന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍. ഈ സംഭവത്തിനു തൊട്ടു പിറകെയാണ് ക്ഷേതം ആക്രമിക്കപ്പെട്ടത്. അക്രമിസംഘം മതിലില്‍ ഗെറ്റൗട്ട് എന്ന് കുറിച്ചിട്ടിട്ടുമുണ്ട്. ഇതേ ക്ഷേത്രം നേരത്തേയും ആക്രമിക്കപ്പെട്ടിരുന്നെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേസെടുത്തു ഫലപ്രദമായ അന്വേഷണം നടത്താനോ കുറ്റവാളികളെ കണ്ടെത്താനോ അന്ന് അമേരിക്കന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ മതേതരസ്വഭാവത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിനു തൊട്ടുപിറകെയാണ് ഇന്ത്യക്കാരനു നേരെയും ഹിന്ദുക്ഷേത്രത്തിനു നേരെയും അമേരിക്കയില്‍ ആക്രമണമുണ്ടാതെന്നതിനാല്‍ ഈ സംഭവങ്ങള്‍ക്കു വാര്‍ത്താപ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. സംഭവങ്ങളെ കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയും ബി.ജെ.പി. നേതാവ് സാംബിത് പത്രയും അപലപിച്ചു.
അമേരിക്കന്‍ സമൂഹത്തിനും രാഷ്ട്രനിര്‍മിതിക്കും അളവറ്റ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഹിന്ദുക്കള്‍ക്കു നേരെ പകയും വെറുപ്പുമുയരുന്നതു ഞെട്ടലുണ്ടാക്കുന്നുവെന്ന് യൂനിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡഡന്റ് രാജന്‍ സേദ് പറഞ്ഞു. ശിവരാത്രി ആഘോഷത്തിന് ഒരുങ്ങുന്ന ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്നതു ദു:ഖകരമാണ്.
കഠിനാധ്വാനികളും സമാധാനം കാംക്ഷിക്കുന്നവരുമാണ് അമേരിക്കിയലുള്ള ഹിന്ദുക്കള്‍. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ മറ്റു മതക്കാരെ അപേക്ഷിച്ചു വിദ്യാഭ്യാസം നേടുന്നതിലും ആരോഗ്യകരമായ ദാമ്പത്യത്തിന്റെയും ധനസമ്പാദനത്തിന്റെയും കാര്യത്തിലും ഹിന്ദുക്കള്‍ ഏറെ മുന്നിലാണെന്നു തെളിഞ്ഞിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദു കുടിയേറ്റക്കാരുള്ള രാജ്യമാണ് അമേരിക്ക. ഏതാണ്ട് 30 ലക്ഷത്തോളം ഹിന്ദുക്കള്‍ അമേരിക്കയിലുണ്ട്. പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും കഠിനമായി അധ്വാനിക്കുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുകയും വഴി സൃഷ്ടിപരമായി പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കള്‍ക്കു സാധിക്കുന്നുണ്ട്.
എല്ലാ പ്രമുഖ മതങ്ങളുടെയും അടിസ്ഥാന സവിശേഷതകള്‍ അമേരിക്കന്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് സെദ് ആവശ്യപ്പെട്ടു. രാജ്യത്തു നാനാത്വം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓരോ മതത്തെക്കുറിച്ചും മനസ്സിലാക്കാന്‍ ഇത് അനിവാര്യമാണ്. ഹിന്ദുത്വത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കു തെറ്റിദ്ധാരണകള്‍ വല്ലതുമുണ്ടെങ്കില്‍ അതു തിരുത്താനും ഏറ്റവും പുരാതനവും വലിപ്പംകൊണ്ടു മൂന്നാം സ്ഥാനത്തുള്ളതുമായ ഹിന്ദു മതത്തെക്കുറിച്ചു വിശദീകരിച്ചുകൊടുക്കാനും തയ്യാറാകണമെന്നു ഹിന്ദുക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രമെന്നാണ് യു.എസ്. ഭരണാധികാരികള്‍ അവകാശപ്പെടുന്നതെങ്കിലും നല്ല കാര്യങ്ങളല്ല അമേരിക്കയില്‍ നടക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ പ്രതികരിച്ചു. ഒബാമ പ്രയോഗിച്ച അതേ ഭാഷയിലുള്ള മറുപടിയാണ് ട്വിറ്ററിലൂടെ ബി.ജെ.പി. നേതാവ് സാംബിത് പത്ര നല്‍കിയത്. ഒരു ഇന്ത്യക്കാരനെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും മറ്റൊരാള്‍ മരിക്കാനിടയാകുകയും ക്ഷേത്രം തകര്‍ക്കപ്പെടുകയും ചെയ്തതു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ വേദനിപ്പിക്കുമെന്നാണു സാംബിത് പത്ര ട്വിറ്ററില്‍ എഴുതിയത്.
.

Back to Top