വര്‍ണങ്ങളില്‍ നിറഞ്ഞാടും തെയ്യങ്ങള്‍
February 17 2015
ഉത്തര മലബാറിലെ കാവുകള്‍ കേന്ദ്രീകരിച്ചു കെട്ടിയാടുന്ന ദേവരൂപങ്ങളാണു തെയ്യങ്ങള്‍. ആചാരങ്ങളുടെയും നൃത്തത്തിന്റെയും വര്‍ണങ്ങളുടെയും മേളനമായ തെയ്യങ്ങള്‍, കണ്ടാലും കണ്ടാലും മതിവരാത്തത്ര കലാമികവുള്ളവയാണ്. വിവിധ വര്‍ണങ്ങള്‍ ചാലിച്ചുള്ള മുഖത്തെഴുത്തും മുടിയും ഉടയാടയുമൊക്കെ തെയ്യങ്ങളെ അത്യാകര്‍ഷകമാക്കുന്നു. തീക്കനലുകളില്‍ കിടന്നു മന്ദഹസിക്കുകയും മീറ്ററുകളോളും ഉയരവും വിസ്തൃതിയുമുള്ളതും ഭാരമേറിയതുമായ മുടി തലയിലേറ്റി മണിക്കൂറുകളോളം നൃത്തം വെക്കുകയും മരക്കൊമ്പുകളില്‍ ഓടിക്കയറുകയുമൊക്കെ ചെയ്യുന്ന തെയ്യക്കോലങ്ങള്‍ ഓരോ വര്‍ഷവുമെത്തുന്ന നിറവിസ്മയം മാത്രമല്ല, വിശ്വാസത്തിന്റെ തീക്ഷ്ണഭാവംകൂടിയാണ് വിശ്വാസികള്‍ക്ക്. ഓരോ നാട്ടിലെയും തെയ്യങ്ങള്‍ അതാതു നാടിന്റെ ദേവീദേവന്മാരാണ്. നേര്‍ച്ചകളും പ്രാര്‍ഥനകളുമായി നാട്ടിലെ ഓരോ കുടുംബത്തിലും പെട്ടവര്‍ ഇഷ്ടമൂര്ത്തികള്ക്കു മുന്നിലെത്തും. ജീവിതമാര്‍ഗം തേടിയോ വിവാഹിതരായോ അന്യനാടുകളില്‍ കഴിയുന്നവര്‍ സ്വന്തം നാട്ടിലെ കാവില്‍ കളിയാട്ടമെത്തുമ്പോള് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നാട്ടിലെത്തി ആഘോഷത്തില്‍ പങ്കാളികളാവും. അന്നദാനം, സാംസ്കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ഇപ്പോള്‍ കളിയാട്ടങ്ങള്ക്കൊപ്പം പതിവാണ്. കൃത്യമായ തെളിവുകളുടെ പിന്ബലത്തിലല്ലെങ്കിലും, ജന്മിത്തത്തിന്റെ കാലത്തു കീഴ്ജാതിക്കാര്‍ അവതരിപ്പിച്ചു തുടങ്ങിയതാണു തെയ്യങ്ങള്‍ എന്ന അനുമാനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്, ചില ചരിത്രകാരന്മാരും ചില വിഭാഗക്കാരും. വണ്ണാന്‍, മണ്ണാന്‍, മലയന്‍ തുടങ്ങിയ സമുദായക്കാരാണു തെയ്യം കെട്ടി കാവുകളില്‍ ദേവസാന്നിധ്യം പകരുക. തെയ്യം കെട്ടുന്നയാളുടെ തലയില്‍ പിടിപ്പിക്കുന്ന മുടി, മുഖത്തെഴുത്ത്, ശരീരം മുഴുവന്‍ മറയ്ക്കുമാറുള്ള ആടയാഭരണങ്ങള്‍, കൈകളില്‍ ആയുധം, കാലില്‍ ചിലമ്പ് തുടങ്ങിയവയാണു തെയ്യങ്ങളെ പൊതുവെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങള്‍. ഓരോ തെയ്യത്തിനും മുടിയും അലങ്കാരങ്ങളുമൊക്കെ വ്യത്യസ്തങ്ങളാണ്. നാലു മീറ്ററിലധികം നീളവും ഒരു മീറ്ററിലധികം വീതിയും ഏതാണ്ടത്ര തന്നെ തടിയുമുള്ള മുടിയുള്ള തായപ്പരദേവത, ചോന്നമ്മ എന്നീ തെയ്യങ്ങളുടേതാണ് ഏറ്റവും വലിയ മുടി. ഉടയാടയില്‍ തീപ്പന്തങ്ങളും മുടിയില്‍ കോത്തിരികളു(കുഞ്ഞുതീപ്പന്തങ്ങള്)മായി പ്രത്യക്ഷപ്പെടുന്ന പുതിയ ഭഗവതി, തീയില്‍ ചാടുന്നതു ഹരമായി കാണുന്ന തീച്ചാമുണ്ടി തുടങ്ങി വൈവിധ്യങ്ങളുടെ കൗതുക ലോകം തന്നെയാണു തെയ്യങ്ങളുടേത്. കടുംനിറങ്ങളാണു മുടിക്കും ആടയാഭരണങ്ങള്ക്കും മുഖത്തെഴുത്തുള്പ്പെകടെയുള്ള മറ്റ് അലങ്കാരങ്ങള്‍ക്കും കൂടുതലായി ഉപയോഗിച്ചുവരുന്നത്. കാവുകള്‍ക്കരികില്‍ ഓല മറച്ചാണു തെയ്യങ്ങള്‍ക്ക് ഒരുങ്ങാനുള്ള താല്‍ക്കാലിക അണിയറകള്‍ ഒരുക്കുന്നത്. മുഖത്തെഴുത്തും മുടിയുടെ അടിസ്ഥാനഭാഗങ്ങളും ഇവിടെ നിന്നു കെട്ടിയ ശേഷം തെയ്യക്കാരനെ കാവിന്റെ മുറ്റത്തെ പീഠത്തിലിരുത്തും. അവിടെ വച്ചാണു ബാക്കി അലങ്കാരങ്ങള്‍ കെട്ടുക. കെട്ടിത്തീരുംമുന്പു തന്നെ വാദ്യമേളങ്ങളുയര്ന്നു തുടങ്ങും. തയ്യാറെടുപ്പു പൂര്‍ണമാകുന്നതോടെ ഉറഞ്ഞുതുള്ളിയാണു മിക്ക തെയ്യങ്ങളും തട്ടകത്തു സജീവമാകുക. തെയ്യങ്ങള്‍ കെട്ടിപ്പുറപ്പെടും മുന്‍പേ തോറ്റങ്ങളെത്തി തെയ്യത്തിന്റെ പിറവിക്കു പിന്നിലെ കഥ പറയുന്ന രീതിയുണ്ട്. ഓരോ തെയ്യത്തിനും പ്രത്യേക തോറ്റമുണ്ട്. ഓരോ തോറ്റത്തിനും വ്യത്യസ്ത തോറ്റംപാട്ടും. ഓര്‍മയില്‍ നിന്നെടുത്തു മിനുട്ടുകളോളം തുടര്‍ച്ചയായി പാടേണ്ട തോറ്റംപാട്ടുകള്‍ കലാകാരന്മാര് തലമുറ തലമുറയായി ചൊല്ലിപ്പഠിക്കുകയാണു ചെയ്യുന്നത്. ഓരോ തെയ്യത്തിന്റെയും ഉല്പ ത്തി കഥയുമായി ബന്ധപ്പെട്ട രീതി അതാതു തെയ്യങ്ങള്‍ കെട്ടിയാടുന്ന രീതിയിലും പ്രതിഫലിക്കും. വെളിച്ചപ്പാട്, കോമരം തുടങ്ങിയ സങ്കല്പലങ്ങള് തെയ്യങ്ങളുടെ അനിഷേധ്യ ഭാഗമാണ്. തെയ്യങ്ങള്‍ക്കു കോമരമോ വെളിച്ചപ്പാടോ (രണ്ടിലൊന്നു മാത്രം- ആചാര രീതിയനുസരിച്ച്) നിര്‍ബന്ധമാണ്. വലിയ കാവുകളില്‍ ഒന്നിലധികം കോമരങ്ങള്‍ ഉണ്ടാകും. ഇതില്‍ ഓരോ കോമരവും ഒന്നിലധികം തെയ്യങ്ങളുടെ കോമരമായിരിക്കുകയും ചെയ്യും. തന്റെ തെയ്യം കെട്ടിപ്പുറപ്പെടുന്ന സമയത്തു കോമരവും വെളിച്ചപ്പാടും ഉടയാട ചുറ്റി ചിലമ്പണിഞ്ഞു സമീപമുണ്ടാകണമെന്നാണു വ്യവസ്ഥ. കോമരം തന്റെ ആയുധം തെയ്യത്തിനു കൈമാറി പിന്‍വലിയുന്ന രീതി പല തെയ്യങ്ങളുടെ കാര്യത്തിലും കാണാം. മുടിയഴിക്കാനാകുമ്പോള് വീണ്ടും കോമരത്തിന് ആയുധം തിരികെ ഏറ്റുവാങ്ങുകയും ചെയ്യും. മിക്ക കാവുകളിലും കളിയാട്ടം തുടങ്ങുന്നതിനൊപ്പം അഗ്നികുണ്ഡവും ഉയരും. മേലേരി തുടങ്ങിയ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന ഈ തീക്കൂനകളില്‍ എടുത്തുചാടുന്ന തെയ്യങ്ങള്‍ ഒന്നിലേറെയുണ്ടാകും, മിക്ക കാവുകളിലും. ചിലയിടങ്ങളില്‍ കോമരങ്ങളും വെളിച്ചപ്പാടും വ്രതമെടുത്ത സമുദായക്കാരുമൊക്കെ തീയിലൂടെ ചാടിയോടുകയും ചെയ്യാറുണ്ട്. തെയ്യം തുടങ്ങുന്നതിനു മുന്നോടിയായി വെളിച്ചപ്പാടും കോമരത്താന്മാരും നാട്ടിലെ പ്രമുഖ ഹിന്ദു തറവാടുകളില്‍ എഴുന്നള്ളിച്ചെത്തുന്ന പതിവു പലയിടങ്ങളിലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ തുടരുന്നുള്ളൂ. കളിയാട്ടത്തിനുള്ള വസ്തുവകകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ടത്രെ. കെട്ടിയാടുന്ന തെയ്യങ്ങളോടും വെളിച്ചപ്പാടിനോടും കോമരത്തോടുമൊക്കെ ഭക്തര്‍ക്കു പരാതികളും ആവശ്യങ്ങളും നിരത്താം. ഉടന്‍ മറുപടി കിട്ടുമെന്നതാണു പ്രധാന ആകര്‍ഷണം. ദക്ഷിണ സ്വീകരിച്ചു തെയ്യങ്ങള്‍ മഞ്ഞള്‍ക്കുറി നല്‍കും. പൂവ് തുടങ്ങിയ വ്യത്യസ്തമായ പ്രസാദം നല്കുന്ന തെയ്യങ്ങളുമുണ്ട്. ആചാരങ്ങളുടെ ഭാഗമായി നടത്തുന്ന മൃഗബലിയില്‍ കോഴിയെ കഴുത്തറുത്തു കൊല്ലുന്ന രീതി മിക്ക സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.
.