Sanathanam

ശിവമയം, ശിവശക്തിമയം

ലോകനാഥനായ പരമശിവനു വേണ്ടി മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി നാളില്‍ പാര്‍വതീദേവി ഉറക്കംവെടിഞ്ഞു പ്രാര്‍ഥിച്ച രാത്രിയാണു ശിവരാത്രിയെന്നാണു വിശ്വാസം. മാഘമാസത്തിലെ കറുത്ത ചതുര്‍ദശിനാളില്‍ ഭാരതത്തിന്റെ മിക്ക ഭാഗങ്ങളിലും ശിവരാത്രി ആഘോഷിക്കുന്നു. കേരളത്തിലാകട്ടെ കുംഭമാസത്തിലാണു ശിവരാത്രി വരുന്നത്.
പാലാഴി കടഞ്ഞുകിട്ടിയ കാളകൂടവിഷം പ്രപഞ്ചരക്ഷയ്ക്കായി പരമശിവന്‍ കുടിച്ചുതീര്‍ത്തു. ഉടന്‍ ശിവന്റെ ജീവരക്ഷയ്ക്കായി പാര്‍വതി ഭര്‍ത്താവിന്റെ കഴുത്തില്‍ കൈ അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് ആ രാത്രി മുഴുവന്‍ ശിവന്റെ ജീവന്‍ രക്ഷിക്കണേ എന്നു പ്രാര്‍ഥിച്ചു പാര്‍വതി ഉറക്കമിളച്ചിരിക്കുകയായിരുന്നത്രെ. ശിവന്റെ കഴുത്തില്‍ തന്നെ കാളകൂടവിഷം ഉറച്ചുകട്ടിയായെന്നും വിശ്വാസം. അങ്ങനെയാണു പരമശിവനു നീലകണ്ഠനെന്ന വിശേഷണം ലഭിച്ചത്.
ശിവരാത്രി വ്രതപ്രധാനമാണ്. ഈ ദിവസം ഉറങ്ങാതെയും പകല്‍ ഭക്ഷണം ഉപേക്ഷിച്ചും ശിവസ്തുതികളുമായി കഴിച്ചുകൂട്ടിയാല്‍ സകല പാപങ്ങളും തീരുമെന്നാണു സങ്കല്‍പം.
ശിവപ്രീതിക്കായി തന്നെയാണു പ്രദോഷവ്രതവും അനുഷ്ഠിക്കുന്നത്. പാര്‍വതിയെ സന്തോഷിപ്പിക്കുന്നതിനായി പരമശിവന്‍ നടരാജവേഷത്തില്‍ നടനമാടിയതു പ്രദോഷവ്രതവേളയിലാണെന്നാണു കരുതിപ്പോരുന്നത്. മഹാവിഷ്ണു ഉള്‍പ്പെടെയുള്ള ദേവന്‍മാര്‍ ഈ സമയത്തു ശിവനെ പൂജിക്കുകയായിരുന്നുവെന്നും സങ്കല്‍പം. അസ്തമയസമയത്തു ത്രയോദശി വരുന്ന ദിവസമാണു പ്രദോഷവ്രതം അനുഷ്ഠിക്കുക. ചിലപ്പോള്‍ ശിവരാത്രിയും പ്രദോഷവ്രതവും ഒരേ ദിവസം തന്നെയാകാറുണ്ട്. ശൈവാരാധനാ സമ്പ്രദായത്തില്‍ ശിവരാത്രിയുടെ പ്രാധാന്യമേറെയാണ്. ജ്യോതിഷത്തില്‍ നവഗ്രഹങ്ങളിലോരോന്നിനും ഓരോ ദൈവരൂപങ്ങളുടെ സ്ഥാനമാണു നല്‍കിയിരിക്കുന്നത്. ത്രൈലോക്യദീപനായ സൂര്യനാണു ശിവനെന്നാണ് ഇതുപ്രകാരം പറയുന്നത്.
ശിവരാത്രി നാളില്‍ എല്ലാ അമ്പലങ്ങളിലും ഇതര ഹൈന്ദവാരാധനാലയങ്ങളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കാറുണ്ടെങ്കിലും ശിവക്ഷേത്രങ്ങളില്‍തന്നെ ഏറ്റവും പ്രധാനം.
 
.

Back to Top