Sanathanam

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ആര്‍.എസ്.എസിനു സാധിക്കണം: മോഹന്‍ ഭാഗവത്

കാണ്‍പൂര്‍: ഹിന്ദുക്കളുടെ ഐക്യത്തിനായി ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സംഘടനയുടെ തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ, രാഷ്ട്രരക്ഷാ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. 
ആര്‍.എസ്.എസ്. മുന്നോട്ടുപോകുന്നതു സംഘടനാപരമായ കരുത്തു കൊണ്ടാണ്. ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കുകയും നിസ്വാര്‍ഥവും സ്വാശ്രയശേഷിയുള്ളതും കരുത്തുറ്റതുമായ ഹിന്ദുസമൂഹം സൃഷ്ടിക്കുകയുമാണു ലക്ഷ്യം. 
ആര്‍.എസ്.എസിന്റെ പ്രസക്തി എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണു സംഘടനയെ കാണുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ തയ്യാറെടുപ്പു നടത്തേണ്ടിയിരിക്കുന്നു. ജാതിയോ ഭാഷയോ വര്‍ഗമോ ഏതെന്നു നോക്കാതെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ സംഘത്തിനു സാധിക്കണം. ഇതു കേവലം പ്രസംഗങ്ങളിലൂടെ നടക്കില്ലെന്നു പ്രവര്‍ത്തകരെ മോഹന്‍ ഭാഗവത് ഓര്‍മിപ്പിച്ചു. 
'കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസ്. ശാഖയെന്നാല്‍ എന്താണ്? മറ്റെല്ലാം മറന്നു നാം ഒരുമിച്ചിരിക്കുന്ന വേദിയാണിത്. അഭിമാനത്തിന്റെ ചിഹ്നമായ കാവിക്കൊടി മാത്രമേ അപ്പോള്‍ മുന്നിലുണ്ടാവൂ.'
ശക്തിപ്രകടനമെന്ന വാക്ക് ആര്‍.എസ്.എസിന്റെ കാര്യത്തില്‍ പലപ്പോഴും പൊങ്ങിവരുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. നാം എന്തു പരിപാടി നടത്തുമ്പോഴും ആര്‍.എസ്.എസ്. ശക്തിപ്രകടനം നടത്തിയെന്ന വ്യാഖ്യാനം വരും. ശക്തിയില്ലാത്തവര്‍ക്കാണു ശക്തി പ്രകടിപ്പിക്കേണ്ടതുള്ളത്. നമുക്ക് അതിന്റെ ആവശ്യമില്ല. കരുത്തുറ്റ അടിത്തറയുള്ള സംഘടനയാണ് ആര്‍.എസ്.എസ്. ആത്മദര്‍ശനത്തിന്റെ പിന്‍ബലത്തിലാണു നാം മുന്നേറുന്നത്. 
ആര്‍.എസ്.എസിന്റെ ദര്‍ശനങ്ങളില്‍ പുതുമയാര്‍ന്നതൊന്നും ഇല്ലെന്നു മോഹന്‍ ഭാഗവത് പറഞ്ഞു. പ്രവര്‍ത്തനശൈലി കാലികമായി പരിഷ്‌കരിക്കപ്പെടുന്നു എന്നേയുള്ളൂ. പ്രാദേശികമോ ഭാഷാപരമായോ ജാതിപരമായോ ഉള്ള വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും നാം ഒന്നാണ്. എല്ലാവരും ഭാരതത്തെ മാതാവായി കാണുന്നു. 
'ചരിത്രപരമായി, നാം ആരുടെയും പിന്നിലല്ല. നമ്മളെ അടിമകളാക്കി മാറ്റിയതു വിരലിലെണ്ണാവുന്ന ഏതാനും പേര്‍ ചേര്‍ന്നാണ്. ഭരണഘടനാ അസംബഌയുടെ അവസാന യോഗത്തില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ പറഞ്ഞത് നമ്മുടെ രാജ്യം ഒരു കാര്യത്തിലും പിന്നിലല്ലെന്നും ചിലര്‍ സ്വാര്‍ഥതാല്‍പര്യം മുന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ക്കു ഭാരതത്തെ വെള്ളിത്താലത്തില്‍ സമര്‍പ്പിക്കുകയായിരുന്നു എന്നുമാണ്. സാഹോദര്യം വെടിഞ്ഞാല്‍ വൈദേശിക ശക്തികളുടെയും സ്ഥാപിത താല്‍രപര്യക്കാരുടെയും ഭീഷണി നമ്മെ വിടാതെ പിടികൂടുമെന്നും അംബേദ്കര്‍ ഓര്‍മിപ്പിച്ചിരുന്നു- മോഹന്‍ ഭാഗവത് വ്യക്തമാക്കി.
 
.

Back to Top