ബ്രഹ്മാവിന്റെ 500 കിലോഗ്രാം തൂക്കമുള്ള വിഗ്രഹത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍
February 14 2015കണ്ണൂര്‍: ബ്രഹ്മാവിന്റെ ഒമ്പതടി ഉയരമുള്ള വിഗ്രഹത്തെ സാക്ഷിയാക്കി, രാജ്യത്ത് സമത്വം പുലരണമെന്ന സന്ദേശവുമായി ഇന്ത്യയിലുടനീളം സമൂഹ ഉപനയനം നടത്തിക്കൊണ്ട് രണ്ടാം ഭാരതയാത്രയ്ക്ക് ഒരുങ്ങുകയാണു സാമൂഹ്യപ്രവര്‍ത്തകനായ കെ.കെ.ശരച്ചന്ദ്രബോസ്. പയ്യന്നൂരിനടുത്ത പാടോലി ഗ്രാമത്തിലാണ് ബ്രഹ്മാവിന്റെ അഞ്ഞൂറു കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം തയ്യാറായിക്കൊണ്ടിരിക്കുന്നത്. 2015ലെ ഭാരതയാത്ര മെയ് ഒമ്പതിന് ആരംഭിക്കുമെന്ന് പ്രവാസി അഭിഭാഷകന് കൂടിയായ ശരച്ചന്ദ്രബോസ് അറിയിച്ചു. വേദകാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് ബ്രഹ്മാവിന്റെ പഞ്ചമുഖ വിഗ്രഹം നിര്‍മിക്കപ്പെടുന്നതെന്ന് ശരച്ചന്ദ്ര ബോസ് പറഞ്ഞു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളെയാണ് വിഗ്രഹത്തിന്റെ അഞ്ചു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.
ബ്രഹ്മവിഗ്രഹം നിര്‍മിക്കുന്നതിനായി ശില്പികളായ പൂന്തോട്ടത്തില്‍ കെ.പി.ഗോവിന്ദനും കെ.പി. വിനോദിനും ആദ്യഗഡു തുക കൈമാറിക്കഴിഞ്ഞു. ശില്പത്തിന്റെ മെഴുകു വിഗ്രഹം പ്രദര്‍ശിപ്പിച്ച ശില്പികള് പഞ്ചലോഹ വിഗ്രഹ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലേക്കു കടന്നു. 2014 ഡിസംബര്‍ 31നകം ഇന്ത്യയില്‍ നിന്ന് ജാതിസമ്പ്രദായം തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഭാരതസര്‍ക്കാരിനു നല്കിയ നോട്ടീസില്‍ നടപടികളൊന്നുമുണ്ടാകാതെ വന്നതിനെത്തുടര്‍ന്നാണ് രണ്ടാമത്തെ ഭാരതയാത്രയ്ക്ക് കെ.കെ.ബോസ് തയ്യാറെടുക്കുന്നത്. ദുബായില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ അദ്ദേഹം കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതു മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ആദ്യ ഭാരതയാത്ര സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും താണ്ടി 18,000 കിലോമീറ്റര്‍ സഞ്ചരിച്ച് ന്യൂഡല്‍ഹിയിലാണ് സമാപിച്ചത്. സര്‍ക്കാരിനു നല്കിയ നോട്ടീസ് 208 പേജുള്ള പുസ്തകരൂപത്തിലാക്കിയ 'കാസ്റ്റ് എവേ! ഇന്‍ഡ്യ, ഹിന്ദുയിസം ആന്‍ഡ് അണ്‍ടച്ചബിലിറ്റി' 34 വോളന്റിയര്മാരുമായുള്ള യാത്രയില്‍ ഉടനീളം പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു.
പൂണൂലണിയാന്‍ തയ്യാറായിവരുന്ന എല്ലാവരെയും ബ്രാഹ്മണരാക്കുന്നതിനുള്ള പൂര്വ്വവേദകാല ആചാരങ്ങള്‍ അറിയാവുന്ന പുരോഹിതരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമത്വപ്രചാരണത്തിന്റെ പ്രതീകമായിരിക്കും ചടങ്ങുകളെന്ന് 63കാരനായ ബോസ് പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസമില്ലെന്നു തെളിയിക്കുകയാണ് ലക്ഷ്യം. ലോകത്തിനുമപ്പുറം മാറ്റമില്ലാത്ത യാഥാര്‍ഥ്യമായ ബ്രഹ്മന്‍ അറിയുന്നവനാണ് ബ്രാഹ്മണന് എന്നര്‍ഥം വരുന്ന 'ബ്രഹ്മജ്ഞാനേ ഇതി ബ്രാഹ്മണ' എന്ന മന്ത്രം മാറ്റൊലിക്കൊള്ളുന്ന ഗാനം ഭാരതയാത്രയില്‍ ഉപയോഗിക്കുമെന്ന് ബോസ് വ്യക്തമാക്കി. രാജ്യത്തിന്റെ നെടുകയും കുറുകെയും സഞ്ചരിക്കുന്ന യാത്രയിലുടനീളം ഈ സംഗീതം ഉപയോഗിക്കും.
കെ.കെ.ബോ്സ് 2014 മാര്‍ച്ച് ഒമ്പതു മുതല്‍ ഏഴു ദിവസം 31 അംഗ സംഘവുമായി കേരളത്തിലുടനീളം 'ജാതി നിര്‍മാര്‍ജ്ജന ബോധവല്‍ക്കരണ സന്ദേശ യാത്ര' സംഘടിപ്പിച്ചിരുന്നു.
കോര്‍പ്പറേറ്റ്, കൊമേഴ്സ്യല്‍, കോണ്‍ട്രാക്ട് നിയമങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള അഭിഭാഷകനായ അദ്ദേഹം 36 വര്‍ഷമായി ദുബായ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ ബാര്‍ അസോസിയേഷന് അംഗവും ഏറെ പ്രസിദ്ധീകരണങ്ങളില്‍ നിയമപംക്തികള് കൈകാര്യം ചെയ്യുന്ന വ്യക്തിയുമാണ്.
കുഗ്രാമമെന്നു വിശേഷിപ്പിക്കാവുന്ന മെഴുവേലിയില്‍ ജനിക്കുകയും ചെറുപ്പകാലം ചെലവിടുകയും ചെയ്ത ബോസ് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനിലും കര്‍ണാടക ബാര്‍ കൗണ്‍സിലിലും അംഗമാണ്.